രാഷ്ട്രീയ
സയണിസ’ത്തിന്‍െറ പെട്ടെന്നുള്ള
വളര്ച്ചക്ക് നിമിത്തമായത്
‘ആല്ഫ്രഡ് ഡ്രൈഫസ്’ സംഭവമാണ്.
സാമ്രാജ്യത്വത്തിന്െറ ഒരു
രാഷ്ട്രീയ അജണ്ടയാണ് അതുവഴി നടപ്പാക്കപ്പെട്ടത്.
ഫ്രാന്സിലെ പട്ടാള ഓഫിസറായിരുന്ന
ആല്ഫ്രഡ് ഡ്രൈഫസ്,
ഫ്രാന്സിന്െറ രഹസ്യം
ജര്മനിക്ക് ചോര്ത്തിക്കൊടുത്തതിന്െറ പേരിലാണ്,
1893ല്‍ ‘കുറ്റാരോപണം’ നേരിട്ടത്. ‘ചോറ് ഫ്രാന്സിലും
കൂറ് ജര്‍മനിയിലും’ എന്നതിനപ്പുറം
‘ജൂതരെ വിശ്വസിക്കാന്‍ കൊള്ളില്ളെന്ന ന്യൂനപക്ഷവിരുദ്ധവര്ഗീയതയാണ്, പ്രബുദ്ധ ഫ്രാന്‍സില്‍ കത്തിപ്പടര്‍ന്നത്.
1894ല്‍ ഡ്രൈഫസിനെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്തു. സൈനികകോടതിയുടെ
വിധി നടപ്പാക്കിയത്, ഫ്രഞ്ച്
മിലിട്ടറി അക്കാദമിയുടെ മുറ്റത്ത് സൈന്യത്തോടൊപ്പം ആയിരങ്ങളെ
സാക്ഷിനിര്ത്തി അത്യന്തം നാടകീയമായിട്ടായിരുന്നു.
ഡ്രൈഫസിന്െറ യൂനിഫോം
വലിച്ചുകീറിയും മെഡലുകള്‍ പൊട്ടിച്ചെറിഞ്ഞും വാള്മുറിച്ചും, ചാട്ടകൊണ്ടടിച്ചുമാണ് ശിക്ഷ
നടപ്പാക്കിയത്. ഓരോ അടിയേല്ക്കുമ്പോഴും,
ഫ്രാന്സ് വിജയിക്കട്ടെ
എന്നാവര്‍ത്തിക്കുകയായിരുന്നു ‘നിരപരാധിയായ’ ഡ്രൈഫസ്! രാജ്യതാല്പര്യമായിരുന്നില്ല,
വംശീയ വൈരമായിരുന്നു അന്ന് ഫ്രാന്സിലെ
ഭരണവര്ഗത്തെ നയിച്ചത്. 1896ല്‍
തന്നെ ഫ്രഞ്ച് സൈനിക ഇന്റലിജന്സിന്െറ
പുതിയ മേധാവി കേണല്‍ പിക്കാര്‍ട്ട് ഡ്രൈഫസ് നിരപരാധിയാണെന്ന്
കണ്ടത്തെി റിപ്പോര്ട്ട് ചെയ്തെങ്കിലും
ഡ്രൈഫസിനെ തിരിച്ചെടുക്കുന്നതിനു പകരം, പിക്കാര്ട്ടിനെ
തുനീഷ്യയിലേക്ക് സ്ഥലംമാറ്റം നല്കി
ശിക്ഷിക്കുകയാണുണ്ടായത്! എന്നാല്‍, ഇക്കാര്യം ‘മാധ്യമങ്ങള്‍’ വഴി പുറംലോകം അറിയുകയും പ്രതിഷേധം
ശക്തമാവുകയും ചെയ്തപ്പോള്‍, സര്ക്കാറിന്
സ്വന്തം നിലപാടില്‍ മാറ്റം വരുത്തേണ്ടി
വന്നു. യഥാര്‍ഥ പ്രതികളായ
കേണല്‍ ഹെന്റി കുറ്റം
സമ്മതിക്കുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും
അദ്ദേഹത്തിന്െറ കൂട്ടാളി
മേജര്‍ എസ്റ്റര്‍ഹാസി ഇംഗ്ളണ്ടിലേക്ക്
ഒളിച്ചോടുകയും ചെയ്തു.
എമിലിസോളയും
വാള്ട്ടര്പേറ്ററും
ഭരണകൂടത്തിന്െറ വംശവെറിക്കെതിരെയുള്ള
പോരാട്ടത്തില്‍ അണിചേര്‍ന്നു. 1898ല്‍,
‘ഞാന്‍ കുറ്റപ്പെടുത്തുന്നു’ എന്ന പേരില്‍ വംശവെറിക്കെതിരെ എമിലിസോള
എഴുതിയ പ്രബന്ധം അധികാരശക്തികളെ പ്രകോപിപ്പിച്ചു.
ജയില്ശിക്ഷയില്നിന്ന് രക്ഷപ്പെടാന്‍
എമിലിസോളക്ക് ഇംഗ്ളണ്ടിലേക്ക് ഒളിച്ചോടേണ്ടിവന്നു. എങ്കിലും ആ പ്രബന്ധം
എഴുതിക്കഴിഞ്ഞ് നൂറുകൊല്ലം പിന്നിട്ടപ്പോള്‍ ‘ലാകോറിക്സ്’
(Lacorix) എന്ന കത്തോലിക്കാപത്രം, അന്ന് ആല്ഫ്രഡ്
ഡ്രൈഫസിനെ എതിര്ത്ത് എഡിറ്റോറിയലെഴുതിയതിന്
മാപ്പുപറഞ്ഞു!
ഡ്രൈഫസിന്െറ വിചാരണ
റിപ്പോര്ട്ട്് ചെയ്യാന്‍ വന്ന
തിയോര്ഡര് ഹെര്‍സല്‍
എന്ന ആസ്ട്രിയന്‍ പത്രപ്രവര്‍ത്തകനാണ്, ആ വിചാരണയിലെ
വംശവെറിയില്‍ സങ്കടപ്പെട്ടും, അതേസമയം അധിനിവേശയുക്തിയില്‍ ഉന്മത്തനായും
ജൂതര്ക്ക് രക്ഷവേണമെങ്കില് അവര്‍ക്കൊരു രാഷ്ട്രം സ്വന്തമായി
വേണമെന്ന ആശയം അവതരിപ്പിക്കുന്നത്. അങ്ങനെയാണ്
1896ല്‍ അദ്ദേഹം ‘ജൂതരാഷ്ട്രം’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
അതിന്െറ തുടര്ച്ചയിലാണ്, 1897ല്‍ ലോക
സയണിസ്റ്റ് കോണ്ഫറന്സ്
സ്വിറ്റ്സര്ലന്ഡിലെ
ബാസലില്‍ ചേരുന്നതും, ജൂതര്ക്കൊരു രാജ്യം
എന്ന ആശയം ആവിഷ്കരിക്കുന്നതും!
യൂറോപ്പിന്െറ ജൂതപീഡനത്തോടുള്ള
ശരിയായ പ്രതിഷേധവും യൂറോപ്പിന്െറതന്നെ അധിനിവേശ യുക്തിയുടെ
തെറ്റായ പ്രയോഗവുമാണ്, ഒടുവില്‍ ഇസ്രായേല്‍ എന്ന
രാഷ്ട്രപിറവിയിലേക്ക് നയിച്ചത്! 1903ല്‍ ബ്രിട്ടന്
‘ഉഗാണ്ട’ ചൂണ്ടിക്കാട്ടുമ്പോഴും 1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ഫലസ്തീന്
നിര്‍ദേശിക്കുമ്പോഴും, 1947 നവംബറില്‍
ഐക്യരാഷ്ട്രസഭ ‘വിജനപദ്ധതി’ ആവിഷ്കരിക്കുമ്പോഴും, 1948 മേയ് 15ന് ഇസ്രായേല്‍
നിലവില്‍ വരുമ്പോഴും, അധിനിവേശശക്തികള്‍ കാണാതിരുന്നത്, ഉഗാണ്ടയിലും ഫലസ്തീനിലും എത്രയോ സഹസ്രാബ്ദങ്ങളായി മനുഷ്യര്‍
താമസിക്കുന്നുണ്ടെന്ന സത്യമാണ്. ലോകത്തിലെ ഭീകരമായ
കൂട്ടക്കൊലകളില്‍ ഒന്നായി ചരിത്രം തിരിച്ചറിഞ്ഞ
‘ദയിര്യാസീന് കൂട്ടക്കൊല’യിലൊഴുക്കിയ ചോരയിലാണ് ഇസ്രായേല്‍ നിലവില്‍
വന്നത്. അതിന് നേതൃത്വം നല്കിയ മെനാച്ചിന്ബഗിനാണ്, 1978ല്‍ സമാധാനത്തിനുള്ള
നൊബേല്സമ്മാനം ലഭിച്ചത്. ഇത്രയേറെ
മനുഷ്യരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബെഗിന് പറഞ്ഞത്, അത്
ചെയ്തില്ളെങ്കില്‍ ഇസ്രായേല്‍രാഷ്ട്രം നിലവില്‍
വരില്ലായിരുന്നുവെന്നാണ്! ഇവര്‍ ഗസ്സയില്‍ ഈവിധം
കൂട്ടക്കുരുതികള്‍ തുടരുന്നതും ഇസ്രായേല്‍ നിലനില്‍ക്കാനാണ്.
നൊബേലിനും മുകളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി
ബിന്യമിന് നെതന്യാഹുവിന് കൊടുക്കാനുണ്ടാവുമോ വേറെ വല്ല അവാര്ഡുകള്‍!
ഗസ്സയില്‍
ഇസ്രായേല്‍ നിര്‍വഹിക്കുന്നത് മനുഷ്യക്കുരുതിയാണ്.
നീതിയുടെ നെഞ്ചിലേക്കാണവര്‍ നിറയൊഴിക്കുന്നത്. ഒരധിനിവേശശക്തി സാധാരണ മനുഷ്യര്ക്കുനേരെ
അഴിച്ചുവിട്ട സായുധാക്രമണങ്ങള്ക്കുമുന്നില് ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും സ്തംഭിച്ചുനില്ക്കുകയാണ്. സാമ്രാജ്യത്വത്തിന്െറ
കാര്യപരിപാടികളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ ഗസ്സയിലെ കൂട്ടക്കുരുതിയെ വെറുമൊരു
‘ഇസ്രായേല്‍-ഫലസ്തീന്’ പ്രശ്നമായി വെട്ടിച്ചുരുക്കുകയാണ്. സത്യത്തില്‍,
1948 മേയ് 15 മുതല്‍ ജനാധിപത്യശക്തികള്‍ നേരിടുന്നത്
ഇസ്രായേല്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. അതിനെ ‘ഫലസ്തീന്‍പ്രശ്ന’മെന്നും ‘ഇസ്രായേല്‍-ഫലസ്തീന് പ്രശ്നമെന്നും’ വിളിക്കുന്നത്,
ചരിത്രനിഷേധമായിരിക്കും. 1948
മേയ് 15 ഇസ്രായേലിന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുമ്പോള്‍ അന്നേദിവസം ഫലസ്തീന്‍കാര്‍ക്ക് ‘മഹാദുരന്തം’ എന്ന അര്ഥത്തില്‍
‘നക്ബ’യാണ്. സ്വന്തം നാടും
വീടും സ്വത്തും സംസ്കാരവും കവര്ന്നെടുക്കപ്പെട്ടതിന്െറ സങ്കടമാണവര്ക്ക് ജീവിച്ചുതീര്ക്കേണ്ടിവരുന്നത്.
അവര്ക്ക് നഷ്ടപ്പെട്ടത് നിറമുള്ള
സ്വന്തം ഭൂതകാലംമാത്രമല്ല, നിറംകെടുന്ന വര്ത്തമാനകാലവുമാണ്.
എത്രയെത്രയോ നിനവുകളില്നിന്ന് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള
കിനാവുകളില്‍നിന്നുമവര്‍ നിരന്തരം നാടുകടത്തപ്പെടുകയാണ്. സത്യമായും
സ്വന്തം രാജ്യത്ത് പ്രവാസികളായവരുടെ വേദനകളാണവര്‍,
പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ്, മുറിവില്‍ മരന്നുപുരട്ടുന്നതിനു പകരം,
മുളകരച്ച് തേക്കുന്നതില്‍ ഇസ്രായേല്‍ മത്സരിക്കുന്നത്. സാമ്രാജ്യത്വശക്തികളുടെ
പിന്തുണയോടെ വെട്ടിപ്പിടിച്ചുണ്ടാക്കിയ ഒരു രാഷ്ട്രം,
തുടര്ന്നും വെട്ടിപ്പിടിത്തങ്ങള്‍ വര്‍ധിതവീര്യത്തോടെ നടത്തുമ്പോഴും അതിന് തടയിടാന്‍ ലോകജനാധിപത്യത്തിനാവുന്നില്ല.
ഇപ്പോഴുള്ള
പ്രശ്നത്തിന്െറ വേരുകള്‍,
1948ലെ ആദ്യ വെട്ടിപ്പിടിത്തത്തിലല്ല, 1967ലെ കുപ്രസിദ്ധമായ
ഇസ്രായേലിന്െറ ‘ആറുദിവസ’കൂട്ടക്കുരുതിയിലാണ്
വേരാഴ്ത്തിയിരിക്കുന്നത്. ഗസ്സയും ഗോലാന്കുന്നും
പടിഞ്ഞാറന്കരയും അവര്‍ പിടിച്ചെടുത്തത്
ആറ് ദിവസയുദ്ധമെന്നവര് വിളിച്ച,
ആ കൂട്ടക്കുരുതിയില്വെച്ചായിരുന്നു.
ഗസ്സ അതോടെയാണ് ഭൂമിയിലെ
നരകങ്ങളിലൊന്നായത്. ഗസ്സക്കാര്ക്കു മുന്നില്‍
സ്വാതന്ത്ര്യത്തിന്‍െറ അവസാനത്തെ
വാതിലും വലിച്ചടക്കുന്ന ശബ്ദമാണവിടെയും മുഴങ്ങിയത്. അതോടെയൊണ് വിചിത്രമായ ‘മതില്‍വ്യവസായം’ ഇസ്രായേലില്‍ വളരുന്നതും!
സൈമ ബ്രിട്ടന്‍െറ ‘മതില്’(The Wall) എന്ന
ഡോക്യുസിനിമ, ആവിഷ്കരിക്കുന്നത് ഇസ്രായേല്‍ വികസിപ്പിച്ച മതിലാക്രമണത്തിന്െറ നൃശംസതകളാണ്.
ബര്‍ലിന്‍ മതിലിന്‍െറ പതനത്തെക്കുറിച്ച്
പ്രബന്ധമെഴുതുന്നവര്‍, ലോകത്തിലെ ‘അപ്പാര്‍ത്തീസ്ഭിത്തി’ എന്ന് തിരിച്ചറിഞ്ഞ ഇസ്രായേല്‍
നിര്‍മിച്ച ഭിത്തിയെക്കുറിച്ച്
പ്രസ്താവനപോലും നല്കുന്നില്ല!
ഒരു പ്രദേശത്ത് ‘തടവറ’ സ്ഥാപിക്കുന്നതിനുപകരം
ഒരു പ്രദേശത്തെയാകെ തടവറയാക്കി
മാറ്റുന്നതിനെക്കുറിച്ചവര് നിതാന്തമായ മൗനത്തിലാണ്! ഒരു
ജനതയുടെ പോക്കുവരവുകള്ക്കും സ്വപ്നങ്ങള്ക്കും
മീതെയാണവര്‍ താഴിട്ടിരിക്കുന്നത്! സങ്കടങ്ങള്‍ പറയാനുള്ള തദ്ദേശീയ ജനതയുടെ
‘ഭാഷ’യെക്കൂടിയാണവര് അതുവഴി പൊളിച്ചത്.
പീഡനത്തിന്െറ കൊടിയ
പര്യായമായി മാറിയ ഗസ്സയിലാണ് ‘ഇന്‍തിഫാദ’ എന്ന ഗംഭീരമായ ഫലസ്തീന്
വിമോചനസമരം തുടങ്ങിയത്. ‘ഗസ്സ’കടലില്‍ മുങ്ങി നശിക്കട്ടെ
എന്നത് അന്നുമുതല്‍ അധിനിവേശ ഇസ്രായേലിന്െറ
ആഗ്രഹമാണ്. ഇപ്പോഴുള്ള ആക്രമണവും അതിന്െറ
തുടര്ച്ചയാണ്. അതോടൊപ്പം റോബര്ട്ട് ഫിസ്ക് വ്യക്തമാക്കിയപോലെ,
നേരത്തേ പ്രഖ്യാപിച്ച ‘ഐക്യഫലസ്തീന്’ രൂപവത്കരണം ഇല്ലാതാക്കാനുള്ള ശ്രമവും
ഇതിന് പിറകിലുണ്ട്. ഭൂതകാലസമരങ്ങളിലൂടെ പിടിച്ചുവാങ്ങിയ നേട്ടങ്ങളെ തകര്ക്കാന്കൂടിയാണ്, ആസൂത്രിതമായ ഈ
കൂട്ടക്കുരുതിയെന്ന കാര്യമാണ്, സൗകര്യപൂര്വം
മുഖ്യധാരാമാധ്യമങ്ങള്‍ പൂഴ്ത്തിവെക്കുന്നത്. 2014 ജൂണ്‍ 12ന് മുമ്പ്
ഇസ്രായേല്ക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനോടുള്ള
പ്രതികരണമാണ്, ഇപ്പോള്‍ ഗസ്സയില്‍ ഇസ്രായേല്‍
നടത്തുന്ന കൂട്ടക്കുരുതിയെന്നുള്ളത് അര്ധസത്യം
മാത്രമാണ്. ആശുപത്രികള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി
ഇസ്രായേല്‍ നടത്തുന്ന ആക്രമണം സര്‍വ അന്താരാഷ്ട്രയുദ്ധ
നിയമങ്ങളുടെയും നിഷേധമാണ്. ലോകം ഇപ്പോഴെങ്കിലും
ഇതിനെതിരെ പ്രതികരിക്കുന്നില്ളെങ്കില്‍, മനുഷ്യത്വത്തിലുള്ള അവസാനപ്രതീക്ഷകളാവും നമ്മുടെ കാലഘട്ടത്തിന് നഷ്ടമാവുന്നത്.
ഇംഗ്ളണ്ട് ഇംഗ്ളീഷുകാരുടേതെന്നപോലെ, ഫ്രാന്സ് ഫ്രഞ്ചുകാരുടേത്
എന്നപോലെ, ഫലസ്തീന് ഫലസ്തീന്കാരുടേതാണെന്ന്
പ്രഖ്യാപിച്ച മഹാത്മാ ഗാന്ധിയുടെ നാട്(?)
ഒരു കളികാണുന്ന പിരിമുറുക്കം
പോലുമില്ലാതെ ഒരു ജനാധിപത്യധ്വംസനത്തിനുമുന്നില്‍,
ഇങ്ങനെ നിര്വികാരമായി നോക്കിനില്ക്കരുത്. പഴയ മുറിവുകളില്നിന്ന് ഇപ്പോളൊഴുകുന്നത് ചോരയല്ല,
ജീവിതമാണ്! ഫലസ്തീനിലെ ഗസ്സ ഇന്ന്
ആ മുറിഞ്ഞ ജീവിതത്തിന്െറ മറ്റൊരു
പേരാണ്.
അല്ലയോ, ഇന്ത്യന് ഭരണമാന്യപുംഗവന്മാരേ, ഗസ്സയുടെ
നിലവിളി ലോകമാകെ നിറയുമ്പോഴും നിങ്ങള്ക്കെങ്ങനെയാണ് നിഷ്പക്ഷതയെക്കുറിച്ചുള്ള ഒതളങ്ങവര്ത്തമാനങ്ങള്ക്കിടയില്
ഇവ്വിധം നിര്വികാരമായി സ്വയം
ചീഞ്ഞഴുകാന് കഴിയുന്നത്?.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ