സുമനസ്സുകളെ, ഒരു നിമിഷം ......... പതിവിനു വിപരീതമായി, പാരമ്പര്യത്തിനതീതമായി, ലൈക്കൊ നെടുനീളൻ ചർച്ചകളോ പ്രതീക്ഷിക്കാതെ നിങ്ങളുടെ ദയാദാക്ഷിണ്യം മാത്രം
കാംക്ഷിച്ചു കൊണ്ട് തികച്ചും സദുദ്ദേശ്യപരമായി ഇടുന്ന ഈ പോസ്റ്റ് നിങ്ങൾ
വായിച്ചുനോക്കണം എന്ന് ആദ്യമേ അപേക്ഷിക്കുന്നു .....
മനുഷ്യസ്നേഹത്തിന്‍റെ
മണമുള്ള കാസിം ഇരിക്കുരിന്‍റെ വാക്കുകള്‍ ചിലപ്പൊള്‍ നിങളെ ഉണര്‍ത്തിയേക്കും..........
മോചനമല്ല,
ചികിത്സയാണ് അബ്ദുന്നാസിര്‍ മഅ്ദനിക്ക്
അടിയന്തരമായി വേണ്ടതെന്ന പരമോന്നത നീതിപീഠത്തിന്‍െറ നിഗമനത്തില്‍ പ്രഥമദൃഷ്ട്യാ
അനുതാപത്തിന്‍െറ തലോടല്‍ ദര്‍ശിക്കാമെങ്കിലും കഴിഞ്ഞ മൂന്നരവര്‍ഷമായി വേദനാജനകമായ
ജയില്‍ജീവിതം അനുഭവിക്കുന്ന ഒരു ഹതഭാഗ്യനോട് നമ്മുടെ നീതിവ്യവസ്ഥ കാണിക്കുന്ന
നെറികേടിന്‍െറ ഭീതിജനകമായ ചിത്രം മറഞ്ഞിരിപ്പുണ്ടെന്ന് കാണാതിരുന്നുകൂടാ.
ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതിനിടയില്‍, നമ്മുടെ വ്യവസ്ഥിതിയുടെ മുന്നില്‍ നീതിക്കായി
യാചിക്കുന്ന ഈ മനുഷ്യന് എന്തുകൊണ്ടാണ് ജാമ്യം നിഷേധിക്കുന്നതെന്ന് നീതിപീഠം
ഇതുവരെ വിശദീകരിച്ചിട്ടില്ല. മഅ്ദനി യഥാര്‍ഥത്തില്‍ ഭീകരവാദത്തിന്‍െറ ഇരയാണെന്നും
അങ്ങനെയാണ് ഒരു കാല്‍ നഷ്ടപ്പെട്ട് ഈ കോലത്തിലായതെന്നും അഭിഭാഷകന്‍ പ്രശാന്ത്
ഭൂഷണ്‍ ന്യായാസനത്തെ ഓര്‍മപ്പെടുത്തിയപ്പോഴും ജഡ്ജി ജെ.എസ്. ചൗഹാന്‍ പറഞ്ഞത്
ഭീകരവാദകുറ്റങ്ങളാണ് ഈ മനുഷ്യന്‍െറമേല്‍ ചുമത്തപ്പെട്ടതെന്ന് മറക്കരുതെന്നാണ്. കര്‍ണാടക
സര്‍ക്കാര്‍ ഇതിനകം സമര്‍പ്പിച്ച (കള്ള) സത്യവാങ്മൂലങ്ങളിലെ ഓരോ വാചകവും മഅ്ദനിയെ
മരണം വരെ ജയിലില്‍ തളച്ചിടാന്‍ പര്യാപ്തമാണ്. ഇതിനുമുമ്പ്, മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിനെ കര്‍ണാടകയിലെ നിയമവ്യവസ്ഥ
എതിര്‍ത്തപ്പോള്‍ ഹിന്ദുത്വ ഭരണകൂടത്തിന്‍െറ അടിസ്ഥാന നയനിലപാടുകള്‍ക്കനുസൃതമായ
നടപടിയായേ ജനം അതിനെ കണ്ടിരുന്നുള്ളൂ. എന്നാല്‍, ബി.ജെ.പിക്കു പകരം മതേതര-ജനാധിപത്യ മൂല്യങ്ങളുടെ
കാവലാളുകളായ കോണ്‍ഗ്രസ് അധികാരത്തിലേറുന്നതോടെ സര്‍ക്കാറിന്‍െറ സമീപനങ്ങളില്‍
മാറ്റമുണ്ടാവുമെന്നും മഅ്ദനിയോട് മനുഷ്യത്വപൂര്‍വം പെരുമാറുമെന്നും
കണക്കുകൂട്ടിയവര്‍ക്കാണ് തെറ്റിയത്.
കഴിഞ്ഞ
രണ്ടുപതിറ്റാണ്ടിനിടയില്‍ മഅ്ദനിയുടെ വ്യക്തിത്വം നമ്മുടെ
രാഷ്ട്രീയ-ഭരണ-നിയമവ്യവസ്ഥിതിയിലൂടെ കടന്നുപോയപ്പോള്‍ സംഭവിച്ച രൂപപരിണാമങ്ങള്‍
പരിശോധിച്ചാല്‍ നിഷ്പ്രയാസം പറയാന്‍ കഴിയും, വികലാംഗനായ ഈ മാരകരോഗിയെ നീതിപീഠം ജാമ്യം നല്‍കി
വിട്ടയക്കാനുള്ള സാധ്യത വിദൂരമാണെന്ന്. കര്‍ണാടക സര്‍ക്കാറിന്‍െറ കണ്ണില്‍
പാകിസ്താന്‍െറയും ബംഗ്ളാദേശിന്‍െറയും പിന്തുണയോടെ രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന കൊടിയ ഭീകരനാണിദ്ദേഹം. ഇങ്ങനെയുള്ള ഒരു മനുഷ്യനെ ജയിലില്‍നിന്ന്
തുറന്നുവിട്ടാല്‍ നാടിനും സമൂഹത്തിനും അപരിമേയമായ ആഘാതങ്ങള്‍
വരുത്തിവെക്കുമെന്നാണ് ന്യായാസനത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ഒറ്റക്കാലില്‍
ഞൊണ്ടിനടക്കുന്ന, കണ്ണുകളില്‍ കൂരിരുട്ട്
പടര്‍ന്ന, മാരക രോഗങ്ങളാല്‍
നരകയാതന അനുഭവിക്കുന്ന ഒരു മനുഷ്യന്‍ രാജ്യത്തോട് യുദ്ധം
ചെയ്യാനിറങ്ങിയിരിക്കയാണെന്നും വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍
കടത്തി ഇവിടെ സംഹാരതാണ്ഡവമാടുകയാണെന്നുമൊക്കെ ഒരു സര്‍ക്കാര്‍ നീതിപീഠത്തിനു
മുമ്പാകെ ബോധിപ്പിക്കുമ്പോള്‍, മഅ്ദനി
എന്താണെന്നറിയുന്ന കേരളത്തിലെ ജനങ്ങള്‍ കാണിക്കുന്ന നിസ്സംഗതയാണ് മന$സാക്ഷി നഷ്ടപ്പെടാത്തവരെ ഖിന്നരാക്കുന്നത്.
മഅ്ദനി ജയിലില്‍ തന്നെ തളച്ചിടപ്പെടട്ടെ എന്നാഗ്രഹിക്കുന്നുണ്ട് സംസ്ഥാനത്തെ
രാഷ്ട്രീയവ്യവസ്ഥിതി.
തൊണ്ണൂറുകളുടെ
തുടക്കത്തില്‍ ഐ.എസ്.എസിലൂടെ കടന്നുവന്ന്, കേരളത്തിന്‍െറ മത-സാമൂഹിക അന്തരീക്ഷത്തില്‍ അനാരോഗ്യകരമായ കൈകടത്തലുകള്‍
നടത്തിയ ഒരു മതപണ്ഡിതനോടുള്ള വിപ്രതിപത്തിയല്ല, മറിച്ച് പി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി
പരമ്പരാഗത വോട്ടുബാങ്ക് സമവാക്യങ്ങളെ തകിടംമറിക്കാന്‍ ശ്രമിക്കുകയും
കൊടിശ്ശീലയുടെ നിറംനോക്കാതെ വിലപേശുകയും ചെയ്ത ഒരു നേതാവിനോടുള്ള പ്രതികാരവാഞ്ഛ
കൂടിയും കുറഞ്ഞും എല്ലാ രാഷ്ട്രീയനേതൃത്വത്തിനുമുണ്ട്; സി.പി.എമ്മിനുള്ള വിദ്വേഷത്തിന്‍െറ പതിന്മടങ്ങ്
മുസ്ലിംലീഗില്‍ ദര്‍ശിക്കാം എന്ന വ്യത്യാസം മാത്രം. അതുകൊണ്ടുതന്നെ, മഅ്ദനിക്കെതിരായ ഓരോ സത്യവാങ്മൂലവും ഓരോ
കോടതി ഉത്തരവും ഇവിടത്തെ രാഷ്ട്രീയമേലാളന്മാരുടെ മനസ്സുകളില്‍ ആഹ്ളാദം
ചൊരിയുന്നുണ്ട് . മഅ്ദനിയുടെ കാര്യം വരുമ്പോഴെല്ലാം നിയമം നിയമത്തിന്‍െറ വഴിക്കു
നീങ്ങട്ടെ എന്ന മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പതിവു
പ്രതികരണത്തിന്‍െറ വിവക്ഷ, തങ്ങള്‍
പിന്തുടര്‍ന്നുപോരുന്ന കേവലം അധികാര രാഷ്ട്രീയത്തിന്‍െറ സങ്കുചിത കെട്ടുപാടില്‍നിന്ന്
മാറിച്ചിന്തിക്കുകയോ വാളയാര്‍ചുരത്തിനപ്പുറത്തെ വിഷയങ്ങള്‍ എടുത്തിടുകയോ
ചെയ്യുന്നവര്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്നാണ്. ലീഗണികളുടെ കാഴ്ചപ്പാടില്‍
മഅ്ദനി ഇപ്പോഴും കടുത്ത തീവ്രവാദിയാണ്. ഒരിക്കലും അദ്ദേഹം ജയിലഴികള്‍ വിട്ട്
പുറത്തുവരരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരാണവര്‍. മഅ്ദനി
പ്രതിനിധാനംചെയ്യുന്ന സമുദായമാവട്ടെ, അദ്ദേഹത്തിനുവേണ്ടി സംസാരിക്കുന്നതുപോലും കടുത്ത അപരാധമായി മുദ്രകുത്തപ്പെടുമെന്ന്
ഭയപ്പെടുന്നതുപോലെ. അങ്ങ് ഗ്വണ്ടാനമോ തടവറയില്‍ നരകിക്കുന്ന വിദേശികളുടെ പേരില്‍പോലും
കണ്ണീരൊഴുക്കുകയും കൂട്ടപ്രാര്‍ഥന നടത്തുകയുംചെയ്യുന്ന പണ്ഡിതശിരോമണികള്‍ മഅ്ദനി
എന്ന വികലാംഗനായ പണ്ഡിതന്‍െറ കാര്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഞങ്ങള്‍ മാവിലായിക്കാരാ’ എന്ന മനോഗതി ഇതിന്‍െറ തെളിവാണ്. സങ്കുചിത രാഷ്ട്രീയ
പക്ഷപാതിത്വത്തിന്‍െറ മുന്നില്‍ മനസ്സ് കല്ലാവുന്ന ദുരവസ്ഥയും ഇതോടൊപ്പം
അടയാളപ്പെടുത്തേണ്ടതുണ്ട്. കേരളീയ മുസ്ലിംകള്‍ ഒത്തൊരുമിച്ച് എന്നെങ്കിലും
പ്രതിഷേധധ്വനി ഉയര്‍ത്തിയിരുന്നുവെങ്കില്‍ എ.കെ.ജി സെന്‍ററും ഇന്ദിര ഭവനും
സെക്രട്ടേറിയറ്റുമൊക്കെ കുലുങ്ങി വിറച്ച് ബംഗളൂരുവിലെ അധികാരസ്ഥാനത്തേക്ക്
നേതാക്കള്‍ കൂട്ടയോട്ടം നടത്തിയേനെ.
16ാം ലോക്സഭാ
തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം ആദ്യഘട്ടങ്ങള്‍ പിന്നിടുമ്പോഴും മഅ്ദനിയുടെ പേര്
പരാമര്‍ശിക്കാതിരിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കാണിക്കുന്ന
കൗശലം ആത്മവഞ്ചനയുടെയും വെള്ളം ചേര്‍ക്കാത്ത കാപട്യത്തിന്‍േറതുമാണ്. പൊന്നാനിയില്‍
മത്സരിക്കാന്‍ മഅ്ദനിയുടെ മേല്‍ സമ്മര്‍ദമുണ്ടെന്നും അദ്ദേഹത്തിന്‍െറ മോചനംവരെ
തങ്ങള്‍ നിരാഹാരം കിടക്കുമെന്നൊക്കെ പറഞ്ഞ് അനുയായികളില്‍ ചിലര്‍ കാടിളക്കാന്‍
ശ്രമിച്ചെങ്കിലും ആരും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നത് കേരളീയ രാഷ്ട്രീയ
ചന്തയില്‍ മാറിയ ചെക്കാണ് ആ പേര് എന്നു മനസ്സിലാക്കിയതുകൊണ്ടാവണം. 2009ലെ തെരഞ്ഞെടുപ്പില്‍ മഅ്ദനിയെ പിഴിഞ്ഞ്
വോട്ടുപെട്ടി നിറക്കാമെന്ന് കണക്കുകൂട്ടി ആ വികലാംഗനെ വീല്‍ചെയറില്‍ മലപ്പുറം വരെ
കൊണ്ടുനടന്നവര്‍ പോലും ഇത്തവണ ആ പേര് വിസ്മരിച്ചുകളഞ്ഞത് കേരളീയ പൊതുമനസ്സിനെ
നേര്‍ക്കുനേര്‍ വായിച്ചിട്ടാവണം. ഇക്കാലത്തിനിടയില്‍ മുഖ്യധാരാ മാധ്യമങ്ങളിലൂടെ
രൂപപ്പെട്ട മഅ്ദനിയുടെ പ്രതിച്ഛായക്ക് ഉസാമ ബിന്‍ ലാദിനോളം വരുമില്ളെങ്കിലും ഒരു
കൊടുംഭീകരന്‍െറ വിശദമുദ്രകളുണ്ട്. സാമാന്യബോധം ഭരണവര്‍ഗ തത്ത്വചിന്തയുടെ
നാട്ടാചാര രൂപമാണെന്നു പറഞ്ഞ ഗ്രാംഷിയെ ഓര്‍ത്തുപോകുന്ന സന്ദര്‍ഭം. പക്ഷേ,
കേരള പൊലീസിലെ തോക്കുധാരികള്‍ അദ്ദേഹത്തിന്
സദാ കാവല്‍നിന്നിരുന്ന ഒരു കാലയളവില്‍ കുടക് വരെ ചെന്ന് ഭീകരവാദ ക്യാമ്പില്‍
ക്ളാസെടുത്തുവെന്ന് ആരോപിക്കാന്‍മാത്രം ബുദ്ധിശൂന്യത കാട്ടുന്ന ഒരു ഭരണകൂട
ഗൂഢാലോചന കണ്ടിരിക്കാന്‍ മാത്രം കേരളത്തിന്‍െറ രാഷ്ട്രീയ-സാമൂഹിക മണ്ഡലം
തരംതാഴ്ന്നുപോയതാണ് മഅ്ദനിയുടെ നിര്‍ഭാഗ്യത്തിന്‍െറ ആഴപ്പരപ്പ് കൂട്ടിയത്.
അതുകൊണ്ടല്ളേ മഅ്ദനിയുടെ കാര്യത്തില്‍ ഇടപെടാനാവില്ളെന്ന് മുഖ്യമന്തി ഉമ്മന്‍
ചാണ്ടി വെട്ടിത്തുറന്നു പറയുന്നത്. വിചാരണ കൂടാതെ മഅ്ദനിയെ അനന്തമായി
ജയിലിലടക്കുന്നത് ശരിയല്ല എന്നുപറയുന്ന കേരള മുഖ്യന് എന്തുകൊണ്ട് അയല്‍പക്കത്തെ
മുഖ്യമന്ത്രിയോടും മലയാളിയായ ആഭ്യന്തരമന്ത്രിയോടും മഅ്ദനി എന്ന ജീവച്ഛവത്തോട്
അല്‍പം ദയ കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൂടാ. അങ്ങനെ ആവശ്യപ്പെടുന്നതോടെ, രാജ്യത്തിന്‍െറ ‘മതേതര മനസ്സ്’ ഇളകിയാടുമെന്ന് ഉമ്മന്‍ ചാണ്ടി ഭയപ്പെടുന്നുണ്ടാവണം. മുമ്പ്, വല്യുമ്മയുടെ മയ്യിത്ത് കാണാന്‍ കോയമ്പത്തൂര്‍
കോടതി അനുമതി നല്‍കിയിട്ടും മഅ്ദനി കാലെടുത്തുവെക്കുന്നതോടെ കേരള മണ്ണ്
കത്തിയാളുമെന്നു പറഞ്ഞ് അദ്ദേഹത്തിന്‍െറ വരവ് തടഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ.കെ.
ആന്‍റണിയില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാട് ഉമ്മന്‍ ചാണ്ടിമാരില്‍നിന്ന്
പ്രതീക്ഷിക്കുന്നത് വങ്കത്തമല്ളേ?
മഅ്ദനിക്കുവേണ്ടി
ഇനി ആരെങ്കിലും ശബ്ദിക്കുമെന്നോ മുറവിളികൂട്ടുമെന്നോ പ്രതീക്ഷിക്കേണ്ടതില്ല.
കാരണം, 2001 സെപ്റ്റംബര്‍ 11നു ശേഷമുള്ള ലോകക്രമം രൂപപ്പെടുത്തിയ ആഗോള
മുസ്ലിമിന്‍െറ ഇന്ത്യന്‍ പ്രതിനിധിയായി ഈ മലയാളിയെ വ്യവസ്ഥിതി
ഭ്രമണപഥത്തിലത്തെിക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചിരിക്കുന്നു. എന്നാല്‍, മഅ്ദനിമാരെ സൃഷ്ടിച്ച രാഷ്ട്രീയ കാലാവസ്ഥയെ
കുറിച്ച് ഇന്നാരും ഓര്‍ക്കണമെന്നില്ല. 1992 ഡിസംബര്‍ ആറിനു ശേഷമുള്ള ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ക്ക്
സുരക്ഷിതത്വബോധം നഷ്ടപ്പെടുകയും അവരുടെ സാംസ്കാരികസ്വത്വം
പിച്ചിച്ചീന്തപ്പെടുകയും ചെയ്ത ദശാസന്ധിയില്‍ കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം
രേഖപ്പെടുത്താനും വേട്ടക്കാരോടൊപ്പം അധികാരം നുണഞ്ഞ മുസ്ലിംലീഗിനെപ്പോലുള്ള
പാര്‍ട്ടികളെ പാഠംപഠിപ്പിക്കാനും ഇറങ്ങിത്തിരിച്ച ക്ഷുഭിതയൗവനത്തിന്‍െറ
പ്രതിനിധിയായിരുന്നു ഈ മനുഷ്യന്‍. അദ്ദേഹത്തിന്‍െറ ഭാഷയിലെ ചെറിയൊരു പിഴവിന്,
ശൈലീഭംഗത്തിന്, പദവിന്യാസത്തിലെ ആഡംബരത്തിന്, ഭാവഹാവാദികളിലെ ധാരാളിത്തത്തിന് കൊടുത്തുതീര്‍ക്കേണ്ടിവന്ന
പിഴയാണ് അദ്ദേഹത്തിന്‍െറ ഒന്നരദശകം യൗവനത്തില്‍നിന്ന് തട്ടിക്കിഴിച്ചതെന്ന
കയ്പേറിയ സത്യം ചരിത്രത്തില്‍ കുറിച്ചിടപ്പെട്ടുകഴിഞ്ഞു. അതല്ലാതെ, അദ്ദേഹത്തിന്‍െറ മേല്‍ ആരോപിക്കപ്പെടുന്ന
തീവ്രവാദം, ഹിന്ദുത്വതീവ്രവാദികളുടെ
പ്രചാരണതന്ത്രത്തിനപ്പുറം ഒന്നുമല്ളെന്നും രാഷ്ട്രീയകക്ഷികള്‍ ലാഭചേതങ്ങള്‍
നോക്കി ഈ മനുഷ്യനെ ഇക്കാലമത്രയും ഉപയോഗപ്പെടുത്തുകയാണെന്നും മന$സാക്ഷിയുള്ള ആര്‍ക്കാണ് അംഗീകരിക്കാതിരിക്കാന്‍
കഴിയുക? ഈ യാഥാര്‍ഥ്യം നന്നായി
അറിയുന്നതുകൊണ്ടാണ് ഒമ്പതരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ സ്പെഷല്‍
കോടതി നിരപരാധിയെന്നുകണ്ട് വിട്ടയച്ചപ്പോള്‍ അദ്ദേഹത്തെ വാരിപ്പുണരാനും
തിരുവനന്തപുരം ശംഖുമുഖത്ത് ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ കൊടിയുടെ നിറം മറന്ന്
മുട്ടിയുരുമ്മാനും രാഷ്ട്രീയനേതൃത്വം മത്സരിച്ചത്. അറബിക്കടലിലെ അലമാലകളെ
സാക്ഷിനിര്‍ത്തി, നേതൃസഞ്ചയത്തിന്‍െറ
മുഖത്ത് നോക്കി അദ്ദേഹം ചോദിച്ച ഒരു ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. എന്‍െറ
നഷ്ടപ്പെട്ട യൗവനം ആരു തിരിച്ചുതരും? യൗവനമല്ല, ജീവിതം തന്നെയാണ്
കാലഘട്ടം അദ്ദേഹത്തില്‍നിന്ന് പിടിച്ചുവാങ്ങിയിരിക്കുന്നത്. ആ തീരാനഷ്ടം ഇന്ന്
വയോധികരായ അദ്ദേഹത്തിന്‍െറ മാതാപിതാക്കളുടെയും പത്നി സൂഫിയയുടെയും രണ്ടു
മക്കളുടെയും നഷ്ടമായി ചുരുങ്ങിയിരിക്കുകയാണ്. എല്ലാവരും ആഗ്രഹിക്കുന്നത് ആ പേര്
വിസ്മൃതിയിലേക്ക് വിലയം പ്രാപിക്കണമെന്നാണെന്നു തോന്നുന്നു. ആ വിസ്മൃതിയില്‍നിന്ന്
ഹൃദയഭേദകമായ ഒരു കൂട്ടനിലവിളിയിലേക്ക് കേരളക്കരയെ വിളിച്ചുണര്‍ത്തുന്നതുവരെ
ഇനിയാരും മഅ്ദനിയെക്കുറിച്ച് മിണ്ടിപ്പോകരുത്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ