അയല്‍ സംസ്ഥാനങ്ങളിലെ എക്‌സ്പ്രസ് ഹൈവേകളും വിജനമായ ദേശീയപാതകളും മലയാളി ഡ്രൈവര്‍മാര്‍ക്ക് മിക്കപ്പോഴും ചതിക്കുഴി ഒരുക്കാറുണ്ട്്. റോഡിന്റെ ഘടനയിലുള്ള അപരിചിതത്ത്വവും ആളൊഴിഞ്ഞ റോഡുകളില്‍ പരമാവധി വേഗമാര്‍ജ്ജിക്കാനുള്ള പ്രവണതയും ഒരേപോലെ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ദേശീയപാതകളും ജംഗ്ഷനുകളുമാണ് സ്ഥിരം അപകടവേദികള്‍. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകും.
ഡ്രൈവിങ് സീറ്റിലേക്ക് കടക്കും മുമ്പ്............
മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക്, ലൈറ്റുകള്‍, വൈപ്പറുകള്‍, ക്ലച്ച് തുടങ്ങിയ ഭാഗങ്ങള്‍ക്ക് തകരാറില്ലെന്ന് ഉറപ്പുവരുത്തുക. ടയറുകളില്‍ കൃത്യമായ അളവില്‍ വായുമര്‍ദം ഉണ്ടെന്ന് ഉറപ്പുവരുത്തണം. തേഞ്ഞ് തീരാറായതും പൊട്ടിയതുമായ ടയറുകള്‍ ഒഴിവാക്കണം.
ഡ്രൈവിങിന് മുമ്പ് അമിത ഭക്ഷണം ഒഴിവാക്കുക. ഏറെ ഇറുകിയ വസ്ത്രങ്ങള്‍ ഡ്രൈവിങിന് യോജ്യമല്ല. ബ്രേക്ക്, ക്ലച്ച് പെഡലുകളില്‍ തെന്നിമാറാന്‍ സാധ്യതയുള്ള ചെരുപ്പുകള്‍ ഒഴിവാക്കുക. ഡ്രൈവിങ് സീറ്റ് അനുയോജ്യമായ വിധത്തില്‍ ക്രമീകരിക്കുക.
സെഡ് വ്യൂ മിററുകള്‍ ഏറെ പ്രാധാന്യമുള്ളവയാണ്. ഇരുവശങ്ങളിലെയും വാഹനത്തിനുള്ളിലെയും കണ്ണാടികള്‍ പിന്നിലെ കാഴ്ച കാണാവുന്ന വിധത്തില്‍ ക്രമീകരിക്കുക. ഗ്ലാസുകളിലൂടെ കാണാന്‍ കഴിയാത്ത ഭാഗം (ബ്ലൈഡ് സ്‌പോട്ടുകള്‍ ) ഏതെന്ന് മനസിലാക്കണം. ഡ്രൈവിങ് സീറ്റില്‍ നിന്നും ഏത് വശത്ത് കൂടിനോക്കിയാല്‍ ഈഭാഗം വ്യക്തമാകുമെന്ന് കണ്ടെത്തുക. കവലകളിലോ, ട്രാഫിക് ഐലന്‍ഡുകളിലോ, മറ്റോ വാഹനം തിരിക്കേണ്ടിവരുകയോ, ലൈന്‍ ട്രാഫിക്കില്‍ ദിശമാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ ബ്ലൈഡ് സ്‌പോട്ടുകളില്‍ കൂടി കണ്ണെത്തണം. റിയര്‍ ഗ്ലാസുകള്‍ക്ക് അദ്യശ്യമായ ഒരു ഭാഗം നമ്മുടെ വാഹനത്തിന് പിന്നിലും വശങ്ങളിലുമുണ്ട്. ഇവിടെ മറ്റു വാഹനങ്ങളുണ്ടെങ്കില്‍ റിയര്‍ വ്യൂ ഗ്ലാസുകളിലൂടെ അറിയാന്‍ കഴിയില്ല.
സീറ്റ് ബെല്‍റ്റ് കൃത്യമായി ധരിക്കുക. പിന്‍വശത്തെ യാത്രികരും സീറ്റ് ബെല്‍റ്റ് ഇടുന്നതാണ് നല്ലത്. എയര്‍ ബാഗുകളുണ്ടെങ്കില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണം.
നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമല്ല ഓടിക്കേണ്ടതെങ്കില്‍ യാത്രയ്ക്ക് മുമ്പ് ഡ്രൈവിങ് സീറ്റില്‍ അല്‍പനേരം ചിലവിടണം. സിറ്റിയറിങ് പൊസിഷന്‍, സ്വിച്ച് ലിവറുകള്‍, ലോക്കുകള്‍, പവര്‍വിന്‍ഡോ സ്വിച്ചുകള്‍ എന്നിവയുടെ സ്ഥാനവും പ്രവര്‍ത്തനവും മനസിലാക്കാണം. ഡ്രൈവിങ്ങിനിടെ ഹെഡ് ലൈറ്റ് ഫ്ലാഷ്, വൈപ്പര്‍, ഇന്‍ഡിക്കേറ്റര്‍ സ്വിച്ചുകള്‍ എന്നിവയുടെ സ്ഥാനം തിരഞ്ഞുപിടിക്കാന്‍ സമയം കളയുന്നത് റോഡില്‍ നിന്നും ശ്രദ്ധ തിരിച്ചേക്കാം. ഒരോവാഹനങ്ങളുടെയും ഡ്രൈവിങ് അനുഭവം വ്യത്യസ്ഥമായിരിക്കും. കാറുകളില്‍ നിന്നും വ്യത്യസ്ഥമായി മള്‍ട്ടിപര്‍പ്പസ് വാഹനങ്ങള്‍ക്ക് ബോഡിറോളിങ് കൂടുതലായിരിക്കും.
പിന്‍ഭാഗത്തേതുപോലെ മുന്നിലും ബ്ലൈന്‍്ഡ് സ്‌പോട്ടുകളുണ്ട്്. വാഹനത്തിന്റെ എ പില്ലര്‍ (മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീന്‍ ഘടിപ്പി്ച്ചുള്ള ഭാഗം) വശങ്ങളില്‍ നിന്നുള്ള കാഴ്ച മറയ്ക്കാറുണ്ട്. ചില വാഹനങ്ങളുടെ എ പില്ലറിന് വീതി കൂടുതലാണ്. ഇത്തരം വാഹനങ്ങള്‍ വളവുകളിലേക്ക് എത്തുമ്പോള്‍ ഡ്രൈവര്‍ സൈഡിലെ ഗ്ലാസിലൂടെയും നോക്കേണ്ടിവരും. എന്നാല്‍ മാത്രമേ റോഡിന്റെ പൂര്‍ണ്ണമായ കാഴ്ച കിട്ടുകയുള്ളൂ.
അപരിചതമായ റോഡുകള്‍, ഹൈവേകള്‍..............
നമ്മുടേതില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് അയല്‍ സംസ്ഥാനങ്ങളിലെ പാതകള്‍. തിരക്കൊഴിഞ്ഞ്, കണ്ണെത്താദൂരത്തോളം വിജനമായ റോഡുകള്‍. അറിയാതെ വേഗത കൂടും. സ്പീഡോ മീറ്റര്‍ സൂചി 100 കടക്കുന്നത് പോലും അറിയില്ല. എന്നാല്‍ ഈ പാതകളില്‍ നിരവധി ചതിക്കുഴികളുമുണ്ട്.
വിജനമായ റോഡിലേക്ക് അപ്രതീക്ഷിതമായി ഒരു ട്രാക്ടറോ, ട്രെയിലറോ ഇടവഴില്‍ നിന്നോ സമീപത്തെ വയലില്‍ നിന്നോ പ്രവേശിച്ചേക്കാം. വീതിയുള്ള റോഡ് കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ കലുങ്ങിലേക്കാകും എത്തുന്നത്. വശങ്ങളിലെ വന്‍മരങ്ങളില്‍ ചിലത് വഴിമുടക്കുന്ന വിധത്തില്‍ റോഡിലേക്ക് കയറി നില്‍ക്കുന്നുണ്ടാകും.
കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് കടക്കുമ്പോള്‍ ഇത്തരം നിരവധി പുളിമരങ്ങള്‍ റോഡില്‍ കാണാം. റോഡ് നിര്‍മിക്കുന്നതിനുവേണ്ടി നമ്മള്‍ മരങ്ങള്‍ വെട്ടിവീഴ്തുമ്പോള്‍ തമിഴ്‌നാട്ടില്‍ മരം നിര്‍ത്തിക്കൊണ്ടാണ് റോഡ് ഉണ്ടാക്കുന്നത്. മരത്തിന് മൂന്നുവശവും ടാറിട്ടാലും അതു വെട്ടിമാറ്റില്ല. മരം റോഡില്‍ തന്നെയുണ്ടാകും. പരിചിതരായ തമിഴ്‌നാട്ടിലെ ഡ്രൈവര്‍മാര്‍ക്ക് ഈ മരങ്ങളെയും റോഡിന്റെ ഭൂമിശാസ്ത്രവും എല്ലാം അറിയാം. ഇതൊന്നും അറിയാതെ അമിതവേഗത്തില്‍ പാഞ്ഞുചെല്ലുന്ന മലയാളിക്ക് വാഹനമിടിച്ച് കയറ്റാന്‍ വേണ്ടിയാണ് ഈ പുളിമരങ്ങള്‍ നിര്‍ത്തിയിട്ടുള്ളതെന്ന് തോന്നും.
മലയോരങ്ങളില്‍.........
സമതല പ്രദേശങ്ങളില്‍ പ്രത്യേകിച്ച് തെക്കന്‍ജില്ലകളിലുള്ളവര്‍ മലയോര മേഖലകളിലേക്ക് പോകുമ്പോള്‍ അപകടങ്ങള്‍ കൂടുതലുണ്ടാകാറുണ്ട്. ഇടുക്കി, വയനാട്, തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകള്‍ ഇവര്‍ക്ക് തികച്ചും അപരിചിതമാണ്. കുന്നിന്‍ ചെരുവുകളും, ഹെയര്‍പിന്‍ വളവുകളും, കുത്തിറക്കങ്ങളിലും സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെങ്കില്‍ ഏറെ ശ്രദ്ധയും ക്ഷമയും വേണ്ടതുണ്ട്. ബ്രേക്ക് എത്ര ശക്തമാണെങ്കിലും തുടര്‍ച്ചായി ഉപയോഗിച്ച് ഇറക്കമിറങ്ങിയാല്‍ ക്രമേണ ബ്രേക്കിങ് ക്ഷമത കുറയും. ബ്രേക്ക് ഫേഡിങ് എന്ന ഈ ചതിക്കുഴി മിക്കവാഹനങ്ങള്‍ക്കുമുണ്ട്.
ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ഗിയറുകളാണ് ഇവിടെ കൂടുതലായും ഉപയോഗിക്കുന്നത്. താഴ്ന്ന ഗിയറുകളില്‍ ഏറെ ദൂരം ഓടേണ്ടിവരും. ചുരം കയറുന്നതുപോലെ സങ്കീര്‍ണ്ണമാണ് ഇറങ്ങുന്നതും. പരിചിതരായ ഡ്രൈവര്‍മാര്‍ എഞ്ചിന്‍ ബ്രേക്കില്‍ കൃത്യമായി വാഹനം നിയന്ത്രിക്കുന്നത് കാണാം. കയറ്റം കയറാന്‍ ഉപയോഗിക്കുന്ന അതേ ഗിയറാണ് ഇറക്കത്തിലും ഉപയോഗിക്കേണ്ടത്. ഗിയര്‍ പല്‍ചക്രങ്ങളുടെ ഘര്‍ഷണമുള്ളതിനാല്‍ വാഹനത്തിന്റെ വേഗത കൂടുകയില്ല.
രാത്രിയാത്രകള്‍ കരുതലോടെ ...........
ദീര്‍ഘദൂര യാത്രകളില്‍ പ്രത്യേകിച്ച് അപരിചിതമായ റോഡുകളില്‍ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തുടര്‍ച്ചയായി രാത്രി ഡ്രൈവ് ചെയ്യുന്നത് പരിചിതമല്ലെങ്കില്‍ ഡ്രൈവിങിനിടെ ഉറങ്ങാനിടയുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ ഒരു ഡ്രൈവറെ കൂടെ കൂട്ടുന്നതാണ് നല്ലത്. കുടുംബാംഗം തന്നെ ഡ്രൈവ് ചെയ്യുമ്പോള്‍ പകല്‍ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളിയാകുകയും രാത്രി വീണ്ടും വാഹനം ഓടിക്കേണ്ടിവരുകയും ചെയ്യും. ക്ഷീണം ക്രമേണ ഉറക്കത്തിലേക്കും അപകടത്തിലേക്കും നയിക്കും.
ഡ്രൈവര്‍ കൂടെയുണ്ടെങ്കില്‍ അയാള്‍ക്ക് കൃത്യമായ വിശ്രമം അനുവദിക്കാനും ശ്രദ്ധിക്കണം. രാത്രി ഡ്രൈവ് ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുന്നയാള്‍ ഉറങ്ങാതിരിക്കുന്നതും നല്ലതാണ്. ഡ്രൈവര്‍ ഉറങ്ങുകയാണെങ്കില്‍ അതു മനസിലാക്കാന്‍ കഴിയും. ഉറക്കത്തിലേക്ക് വഴുതുമുമ്പ് ഡ്രൈവിങ് അലക്ഷ്യമാകാന്‍ സാധ്യതയുണ്ട്. ഇത് പെട്ടെന്ന് മനസിലാക്കാന്‍ കഴിയും.
എക്‌സ്പ്രസ് ഹൈവേകളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വേഗ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണം. വശങ്ങളിലെ സിഗ്നലുകളും സൈന്‍ ബോര്‍ഡുകളും ശ്രദ്ധിക്കണം. ജംഗ്ഷനുകളെക്കുറിച്ചുള്ള സൂചന മിക്ക എക്‌സ്പ്രസ് ഹൈവേകളിലും കൃത്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിന്‍ഡ് സ്‌ക്രീന്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എണ്ണമയം ഗ്ലാസില്‍ പറ്റുന്നത് ഒഴിവാക്കണം. വിന്‍ഡ്‌സ്‌ക്രീന്‍ വാഷറില്‍ കോളിന്‍ കളര്‍ന്ന ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കാം. അരമണിക്കൂര്‍ ഇടവിട്ട് വൈപ്പര്‍ ഫ്ലഷ് ചെയ്യാം.
അപ്രതീക്ഷിത അതിഥികള്‍..........
എക്‌സ്പ്രസ് ഹൈവേകള്‍ സുരക്ഷിതമെങ്കിലും പശുക്കളും മറ്റു നാല്‍ക്കാലികളും എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാം. സര്‍വീസ്് റോഡുകളില്‍ നിന്നും ദിശ തെറ്റി പ്രവേശിക്കുന്ന വാഹനങ്ങളും അപകടകാരികളാണ്. മണിക്കൂറിന് 80 കിലോമീറ്ററാണ് മിക്ക എക്‌സ്പ്രസ് ഹൈവേകളിലെയും സുരക്ഷിതമായ പരമാവധി വേഗം.
ഡ്രൈവിങ്ങില്‍..............
അലക്ഷ്യമായ ഡ്രൈവിങ് ഒഴിവാക്കുക. നിങ്ങളെപ്പോലെ മറ്റുള്ളവര്‍ക്കും റോഡ് ഉപയോഗിക്കാന്‍ അവകാശമുണ്ട്. ഡ്രൈവിങില്‍ അച്ചടക്കം പാലിക്കുക. ഹൈവേകളില്‍ ലൈന്‍ ട്രാഫിക് പാലിക്കുക. ദിശ മാറുന്നതിന് മുമ്പ് കൃത്യമായ സിഗ്നല്‍ നല്‍കുക.
ഓവര്‍ടേക്കിങുകളിലെ അപാകമാണ് ഹൈവേകളില്‍ അപകടങ്ങളില്‍ പ്രധാന വില്ലന്‍. മുന്നില്‍ പോകുന്ന വാഹനത്തിനെക്കാള്‍ വേഗമെടുക്കാന്‍ കഴിയുമെങ്കില്‍ ഓവര്‍ടേക്ക് ചെയ്യാം എന്ന പ്രവണത അപകരമാണ്. മുന്നിലെ വാഹനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പിന്‍തുടരുക. ടെയില്‍ ഗേറ്റിങ് എന്നറിയപ്പെടുന്ന ഈ പ്രവണത ഇന്നേറെക്കൂടുതലാണ്.
വേഗമാര്‍ജ്ജിക്കുന്നതിനും ഒരു താളമുണ്ട്. പൊടുന്നനെ ആക്‌സിലറേറ്റ് ചെയ്യുന്നതും ഒഴിവാക്കുക. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം സഡണ്‍ബ്രേക്ക് ചെയ്യുക. ഇടതുവശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ് ഒഴിവാക്കുക. കൃത്യമായ ലൈനില്‍ യാത്ര ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ